Tuesday, May 20, 2008

ബി ഐ പി എല്‍ എന്ന കമ്പനി

ഓഫീസില്‍ പോകാതെ മടി പിടിച്ചിരുന്ന ഒരു ഉച്ചയ്ക്കാണ് ഞാന്‍ ജോലി ചെയ്തിരുന്ന തൃശൂരിലെ ബി ഐ പി എല്‍ എന്ന കമ്പനിയില്‍ നിന്നും കൃഷ്ണകുമാറിന്റെ ഫോണ്‍ വന്നത്, പിറ്റേന്ന് ഓഫീസില്‍ വരുന്നില്ലേ, എന്നും ചോദിച്ചു കൊണ്ട്! കാര്യമെന്താണെന്ന് ചോദിച്ചിട്ടൊന്നും പറഞ്ഞുമില്ല. എന്തോ വലിയ പരാതിയുള്ളതു പോലെയുള്ള അവന്റെ സംഭാഷണം കേട്ടപ്പോള്‍ ആദ്യം ഒരു പന്തികേടു തോന്നി. ഞാനറിയാതെ വല്ല കൊലക്കേസോ, പീഡനമോ ഉപബോധമനസ്സേട്ടന്‍ ഒപ്പിച്ചുവോ? ചെറുപ്പത്തിലേ ബോധമില്ലത്തവന്‍ എന്ന സര്‍ട്ടിഫിക്കറ്റ് വീട്ടുകാര്‍ തന്നിരിന്നതിനാല്‍ അതിനു വളരെയേറെ സാധ്യതയുണ്ടായിരുന്നു.

ഫോണ്‍ വെച്ച ശേഷം ഞാന്‍ തലങ്ങും വിലങ്ങും ആലോചിച്ചു. പെട്ടെന്നാണ് എന്റെതുമാത്രമായ, അല്ലെങ്കില്‍ എന്റെ അറിവില്‍ ദൈവം എനിക്കായ് മാത്രം തന്നിട്ടുള്ള വരമെടുത്ത് പ്രയോഗിക്കാന്‍ തിരുമാനിച്ചത്. അതെ!ബാത്രൂമില്‍ കയറി ഒന്നു കുളിപാസ്സാക്കുക? സാധാരണ ഗതിയില്‍ മറന്നു പോയ പല കാര്യങ്ങളും ഓര്‍മ്മയില്‍ വരുന്നതും, എന്റെ ജീവിത പങ്കാളിയായ ‘ലോജിക്’ മിന്നുന്നതും അന്നേരമാണ്. രാവിലെ കുളിച്ചതാണ്, വീണ്ടും ശരീരം വൃത്തികേടാക്കണോ? മാത്രമല്ല കുളി കഴിഞ്ഞ് തോര്‍ത്തുന്നതും, തുണിയുടുക്കുന്നതും എനിക്ക് വലിയ കടമ്പയാണ്. അതിനേക്കാളും ഈസിയായി എനിക്ക് തോന്നിയിരുന്നത് പറമ്പില്‍ കടന്ന് മദം പൊട്ടിയ ആനയുടെ ഇഷ്ടവിനോദമായ ‘തെങ്ങു മറിച്ചിടല്‍’ ആണ്. പക്ഷെ അത്രക്കങ്ങട്ട് പോകേണ്ടി വന്നില്ല. കുളിക്ക് മുന്നോടിയായി സ്റ്റോറൂമില്‍ കടന്ന് കയ്യില്‍ കിട്ടിയ എന്തോ ഒരു പലഹാരം വളരെ ആത്മാര്‍ത്ഥതയോടെ തിന്നുന്നതിനിടയിലാണ് കൃഷ്ണന്റെ ഫോണ്‍ വിളിയുടെ ഗുഡന്‍സ് പിടികിട്ടിയത്. ഓഫീസിലെ അന്നത്തെ കാലാവസ്ഥയെക്കുറിച്ച് ഏകദേശ രൂപം ഉണ്ടായിരുന്നത് കൊണ്ട് കാര്യം മണത്തു. വീട്ടില്‍ ഞാന്‍ ഇക്കാര്യം ഒന്നും പറഞ്ഞില്ല. വിളിച്ചു വരുത്തി സദ്യ തരാതെ വിട്ടയച്ചാലോ എന്നുള്ള ഒരു സന്ദേഹം ഇല്ലാതിരുന്നില്ല. കൃഷ്ണന്റെ നല്ല സ്വഭാവമനുസരിച്ച് അതില്‍ കൂടുതലും പ്രതീക്ഷിക്കേണ്ടതാണ്!

പിറ്റേന്ന് ഓഫീസിലെത്തിയ എന്നെ കാത്തിരുന്നത് ഒരു സന്തോഷവും, ഒപ്പം ഒരു സങ്കടവുമായിരുന്നു. സന്തോഷം എന്തായിരുന്നു എന്നു വെച്ചാല്‍, ‘ജാവയില്‍‘ ജോലി ചെയ്യാനുള്ള ഒരു അവസരം. പക്ഷെ മദ്രാസ്സിലേക്ക് പോകണമെന്നുള്ളത് തീരെ ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. വീട്ടില്‍ പറമ്പിലെ പണിക്ക് വന്നിരുന്ന തമിഴരെ കുറെ കണ്ടിട്ടുള്ളതിനാല്‍ അവരോട് വല്ലാത്തൊരു ഇഷ്ടക്കേട് എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. പക്ഷെ പോയില്ലെങ്കില്‍ എന്റെ ഭാവി മദ്രാസ് വാസത്തേക്കാള്‍ കുഴങ്ങുമെന്നുള്ളതു കൊണ്ട്, ‘അണ്ണാച്ചികളുടെ’ നാട്ടില്‍ ജോലി ചെയ്യുന്നതിന്റെ ഇഷ്ടക്കേട് ഞാന്‍ പുറത്ത് കാട്ടിയില്ല. (പിന്നീട് ഈ അണ്ണാച്ചികളെ ഞാന്‍ ബഹുമാനിക്കാന്‍ തുടങ്ങി എന്നുള്ളത് വേറെ കാര്യം. നമ്മള്‍ കുറെ കാര്യങ്ങള്‍ അവരെ കണ്ടു പഠിക്കേണ്ടതുണ്ട്.)

അതു വരെ ‘വിഷ്വല്‍ ബേസിക്’ ഉപയോഗിച്ച് മാത്രം ചെറുവക പ്രോഗ്രാമിങ്ങ് ചെയ്തിരുന്ന ഞാന്‍ എങ്ങിനെയെങ്കിലും ജാവയിലേക്കോ മറ്റോ ചാടാന്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അന്ന് ‘ജാവക്കാര്‍‘ ചെയ്യുന്ന കാര്യങ്ങള്‍ നോക്കി കൊതിയോടെ ഇരിക്കുക എന്നുള്ളത് എന്റെ ഹോബിയായി മാറിയിരുന്നു. ഓഫീസിലെ ‘വി ഐ പി സാറന്മാര്‍‘ എന്നെങ്കിലും കനിയും എന്നുള്ള എന്റെ പ്രതീക്ഷകളൊക്കെ തെറ്റിയിരുന്ന സമയവുമായിരുന്നു അന്ന്. ഓടിച്ചിട്ടു തല്ലിയാലോ അതോ ഉച്ചക്കുള്ള ഇറച്ചിയും മീനും കണ്ടാല്‍ ഒടുക്കത്തെ സ്നേഹം കാണിച്ചിരുന്ന അവന്മാര്‍ക്ക് ഭക്ഷണത്തില്‍ മായമോ, സോപ്പും പൊടിയോ കലര്‍ത്തി കൊടുത്താലോ എന്നൊക്കെയുള്ള ബുദ്ധികള്‍ ഞാന്‍ മനസ്സിലിട്ട് ഉഷാറാക്കിക്കൊണ്ടിരുന്നു. സെമിനാറുകളിലും, മറ്റു മീറ്റിങ്ങുകളിലും, ഞാനും എന്റെ സഹപ്രവര്‍ത്തകരും ചെയ്യുന്നത് ഒന്നുമില്ലെന്നുള്ള ‘അവരുടെ യാഥാര്‍ഥ്യം‘ എനിക്ക് ‘അത്യാവശ്യം മനസ്സിലായെങ്കിലും‘ കുറച്ചുകാലം പുറത്തുകാണിച്ചില്ല; എന്നു മാത്രമല്ല എനിക്ക് അവരോടുള്ള നീരസം കൂടിക്കൂടി വന്നു. അതിനിടക്കാണ് ബി എസ് എന്‍ എല്‍ ന്റെ ഒരു പ്രൊജെക്റ്റ് വന്നത്. അതിലും ഞാന്‍ ഉണ്ടാകാതിരുന്നപ്പോള്‍ എന്റെ സകല പ്രതീക്ഷയും പോയി. വി ബി യില്‍ ജോലി ചെയ്തിരുന്ന ഞാന്‍, ജാവയില്‍ കടക്കാനുള്ള എന്റെ ആഗ്രഹം കാണിക്കാനായി സെമിനാറുകളില്‍ വി ബി യെ തള്ളിപ്പറഞ്ഞു കൊണ്ടിരുന്നു. അതും പറഞ്ഞ് തമാശിച്ചു എന്നല്ലാതെ, എന്റെ പ്രകടനങ്ങള്‍ക്ക് ഫലം കാണുകയുണ്ടായില്ല.

1 comments:

~nu~ said...

123423324323
32
423
32
432
324
32432
43
432
424

 


Test Blog Made by Nuruthin © 2008. Design by: Pocket