Sunday, May 18, 2008

അറ്റെന്‍ഡ് ചെയ്ത്

പിറ്റേന്ന് വൈകിട്ടാണ് മദ്രാസില്‍ പോകേണ്ടത്. അതുകൊണ്ട് ഓഫീസ് സമയം കഴിഞ്ഞ്, അന്നു തന്നെ ഒരു പ്രശാന്തിന്റെ ഇന്‍ഡ്രഡക്ഷന്‍ ക്ലാസ് ഉണ്ട്. പ്രൊജെക്റ്റിനെക്കുറിച്ചും, ഉപയോഗിക്കുന്ന ടെക്നോളജീസിനെക്കുറിച്ചും ഒരു വിവരണം. എന്നെ സംബന്ധിച്ചാണെങ്കില്‍ അതു വളരെ അത്യാവശ്യമായിരുന്നു. വൈകുന്നേരം ആറുമണിക്ക് വന്ന് ക്ലാസ് അറ്റെന്‍ഡ് ചെയ്ത്, രാത്രിയില്‍ ഓഫീസില്‍ തങ്ങാം എന്നുള്ള തീരുമാനത്തില്‍ ഉച്ചക്ക് ഓഫീസില്‍ നിന്നിറങ്ങി തൃശൂരിലെ സഫയറിലേക്ക് വിട്ടു, ചിക്കന്‍ ബിരിയാണിയടിക്കാന്‍! സന്തോഷ ദിനങ്ങളില്‍ ‘കുശാലായ ഫുഡടി’ എന്നെ സംബന്ധിച്ച് നിര്‍ബന്ധമാണ്. പക്ഷെ കഴിക്കുന്നതിനിടയില്‍, മദ്രാസിലെ കഷ്ടപ്പാടുകളോര്‍ത്ത് ചിക്കന്‍ കഷ്ണങ്ങള്‍ എന്നെ നോക്കി ചിരിച്ചതോ, അവ പരസ്പരം എന്നെ കളിയാക്കിയതോ ഞാന്‍ അറിഞ്ഞില്ല!

വൈകുന്നേരം ഓഫീസിലെത്തിയ ഞാന്‍ തലങ്ങും വിലങ്ങും ഓടി നടക്കുന്ന ‘പ്രശ്നത്തെ’ (പ്രശാന്ത്) നോക്കി കുത്തിയിരിപ്പു തുടങ്ങി. നീണ്ട ഒരു മണിക്കൂറിനൊടുവില്‍ തന്റെ ആഗമനം സ്വതസിദ്ധമായ ചിരിയില്‍ അറിയിച്ച് അടുത്തുകണ്ട ഒരു കസേര വലിച്ചിട്ടിരുന്നു. പിന്നെ തുടങ്ങി ‘ബാലീവധം‘ കഥാപ്രസംഗം. പ്രൊജെക്റ്റിന്റെ വിവരണവും, ടെക്നോളജിയും, എന്റെ റോളും, ഞാന്‍ ചെയ്യേണ്ടതും, ചെയ്യാന്‍ പടില്ലാത്തതും തുടങ്ങി ഉണ്ണുന്നതും ഉറങ്ങുന്നതും വരെ (അത്രക്കങ്ങണ്ട് പോയില്ല. എഴുതുമ്പോള്‍ എന്തുമാവാമല്ലോ എന്നുള്ള ചിന്തയാണ് ഇതൊക്കെ ചെയ്യിക്കുന്നത്.) അവന്‍ വിശദീകരിച്ചു കൊണ്ടിരുന്നു. വധം അതിന്റെ പാരമ്യതയിലേക്ക് കടക്കുന്തോറും ഞാന്‍ കൂടുതല്‍ പുകഞ്ഞു തുടങ്ങി . ക്ഷമയുടെ നെല്ലിപ്പലക കഴിഞ്ഞാല്‍ പിന്നെ എന്താണെന്ന് എനിക്കറിയാത്തതിനാല്‍ ഇനിയെങ്ങിനെ പ്രതികരിക്കും എന്നുള്ളത്, ഒരു ചോദ്യ ചിഹ്നമായി എന്റെ മുമ്പില്‍ ബ്രേക് ഡാന്‍സ് ചെയ്തു കൊണ്ടിരുന്നു. എന്നെ എല്ലാം പഠിപ്പിച്ചു വിട്ടാല്‍ മതി എന്ന മദ്രാസ്സില്‍ നിന്നുള്ള ബാബുവിന്റെയും, മനോജിന്റെയും (അനുവാദം കിട്ടിയാല്‍ ഞങ്ങള്‍ വിളിക്കുന്ന പേര് പ്രസിദ്ധീകരിക്കാം. അടങ്ങിയിരുന്നില്ലേല്‍ അടുത്ത പ്രാവശ്യം പോസ്റ്റും! ജാഗ്രതൈ!) ആവശ്യം അപ്പടി നിറവേറ്റാം എന്നുള്ള പ്രശാന്തിന്റെ വ്യാമോഹം അങ്ങ് അമേരിക്കയിലെ ‘ആ വളവിനടുത്തുള്ള‘ ജംഗ്ഷനും കടന്ന് ‘ജോണ്‍ ഐസക്കിന്‘ (ഇതാരാണെന്നറിഞ്ഞില്ലേല്‍ നിങ്ങള്‍ക്കുറക്കം വരില്ലേ? എല്ലാം അറിയണമെന്നു വെച്ചാല്‍ പറ്റില്ല. ഇതൊന്നറിയാതെ പോട്ടെ. അല്ല പിന്നെ!) സ്ത്രീധനമായിക്കിട്ടിയ പത്തേക്കര്‍ കാപ്പിത്തോട്ടത്തില്‍ ചെന്നു വീണു. എന്തിനേറെ പറയുന്നു! അവന്‍ പരാജയം സമ്മതിച്ച് ദയനീയമായി എന്നെ ഒന്നു നോക്കി, ഇനി ‘സ്വയം സേവ‘ എന്നുപറഞ്ഞ് ആസനം വിട്ടെഴുന്നേറ്റു. അന്നേരം അവന്റെ മുഖത്ത് വിരിഞ്ഞ ‘സ്പെഷ്യല്‍ ഇഫക്ട്‘ കണ്ട ഞാന്‍ വേഗം സോറി ചേട്ടാ..ഞാനൊരു പാവമാണേയ്’ എന്നുള്ള ഭാവേന, അവ്ന്റെ മുഖത്ത് പ്രതിഷ്ഠിച്ചിരുന്ന നോട്ടം ‘മമ്മൂട്ടിക്ക്‘ പോലും അസൂയയുണ്ടാക്കുന്ന വിധം അങ്ങ് ശൂന്യതയിലേക്ക് ഡൈവെര്‍ട്ട് ചെയ്തു. എന്നെ ജാവയും അതിനോട് ബന്ധപ്പെട്ട മറ്റു ടെക്നോളജികളും പഠിപ്പിച്ചത് ‘പ്രശാന്ത്’ ആണെന്നു അപ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാവര്‍ക്കും അറിയാം എന്നുള്ളതായിരുന്നു പെട്ടെന്ന് വിശദീകരണം നിര്‍ത്താന്‍ അവനെ നിര്‍ബന്ധിതനാക്കിയത്. ഇക്കാര്യം എനിക്കും ‘പ്രശ്നത്തിനും’ അറിയാമെന്നുള്ളതു കൊണ്ട് രണ്ട് പേര്‍ക്കും അക്കാര്യത്തില്‍ നോ ഒബ്ജെക്ഷന്‍.

0 comments:

 


Test Blog Made by Nuruthin © 2008. Design by: Pocket